Archive for November, 2006

നിത്യദാനം

November 26, 2006

പുരാതനമായ ഒരു ശിവക്ഷേത്രം. പരിസരത്തുള്ള ഒരു ആല്‍ത്തറ. ജീവിത സായഹ്നത്തിലെത്തിയ അഖിലാണ്ടവൃദ്ധന്‍’സ്‌ ക്ലബ്ബിന്റെ സായംകാല-മീറ്റിംഗ്‌. ജസ്റ്റ്‌ ആരംഭിച്ചിട്ടേയുള്ളൂ.

ക്ഷേത്രത്തിലെ അന്നദാനം സംബന്ധിച്ചാണു് ‌ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌.  പങ്കെടുക്കുന്ന മെമ്പെര്‍മാരുടെ അംഗസംഖ്യ വിരലിലെണ്ണാം. ചുറ്റും പശുക്കള്‍ വിശ്രമിക്കുന്നുണ്ടു്‌. അമ്പലത്തിലേക്കായി പലരും ദാനം ചെയ്തതാണു്‌ അവ. വൃദ്ധന്മാരേക്കാള്‍ എണ്ണത്തിലും വണ്ണത്തിലും മാത്രമല്ല അച്ചടക്ക ബോധത്തിലും അവക്കു തന്നെ മുന്‍തൂക്കം. പശുക്കളെപ്പോലെ നമുക്കും സഭയിലെ സംഭാഷണം ശ്രദ്ധിക്കാം.

“ദാനം കിട്ടിയ പശുവിന്റെ പല്ല്‌ എണ്ണി നോക്കേണ്ട കാര്യമുണ്ടോ പിച്ചൂ?”

“ഇല്ല, ശരിയാണു. പക്ഷെ പുല്ലിനും പുണ്ണാക്കിനും കാശ്‌ കൊടുക്കുമ്പോ എണ്ണാതിരിക്കാന്‍ പറ്റ്വോ വിച്ചൂ? നാട്ടില്‍ പുല്ല്‌ കിട്ടാനില്ല, തെരിയുമാ? കിട്ടിയാല്‍ത്തന്നെ തീ വില.”

തന്റെ അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ട്‌ പിച്ചു തുടര്‍ന്നൂ

“പോറ്റാന്‍ കഴിയാത്ത പശുക്കളെയെല്ലാം അമ്പലത്തിലേക്കു ദാനം ചെയ്താല്‍… പിന്നെ ഇവിടത്തെ അന്നദാനം… ശിവ ശിവാ ഞാനൊന്നും പറയുന്നില്ല! എല്ലാം ശിവപെരുമാന്‍ പാര്‍ത്തുക്കൊള്ളും.”

അങ്ങിനേ ആ വൃദ്ധവൃന്ദം ചര്‍ച്ചക്കു്‌ ഫൌണ്ടേേഷനിട്ടു.

“കാലം മാറി. ദാനം കിട്ടിയ പശുവായാലും കഴുതയായലും പല്ല് എണ്ണിത്തന്നെയാവണം. ഇല്ലങ്കില്‍ പിന്നെ അതു പുലിവാലാകും” ജൂനിയര്‍ വൃദ്ധന്‍ അഭിപ്രായപ്പെട്ടു.

“കഴുതയേപ്പറ്റി എന്തിനാ ഇവിടെ പറയുന്നത്‌? കോവിലിലേക്കു്‌ ആരെങ്കിലും കഴുതയെ ദാനം ചെയ്യാറുണ്ടോ?” സാത്ത്വികന്റെ ന്യായമായ ചോദ്യം.

“ഔണ്‍സിനു നൂറു രൂപയാ!  ഡേയ്‌ പത്തൂ,   നീ കഴുതപ്പാലു കുടിച്ചിട്ടുണ്ടോ?”

“തോന്ന്യാസം വിളിച്ചു പറഞ്ഞാലുണ്ടല്ലോ…” പത്തുവിനു കോപം പത്തി വിടര്‍ത്തി.
(ശിശുക്കള്‍ക്ക്‌ കഴുതപ്പാല്‍ കൊടുക്കുന്ന ഒരു സ്മ്പ്രദായം തമിഴരുടേ ഇടയിലുണ്ടു്‌)

“കൂട്ടരേ ‘ദാനധര്‍മ്മ’ങ്ങളെക്കുറിച്ചല്ലേ നമ്മള്‍ ഇവിടെ സംസാരിക്കുന്നത്‌, വിഷയം മറ്റാതെ.” സീനിയര്‍ മോസ്റ്റ്‌ കിഴവന്റെ താക്കീത്ത്‌.

“ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കുക എന്നുള്ളതു്‌ ധര്‍മ്മം. ഇപ്പോള്‍ ധര്‍മ്മം ചെയ്യുക എന്നു പറയുന്നതേ ദാനം ചെയ്യുന്നതിനല്ലെ?” മറ്റൊരു വൃദ്ധന്റെ വിലയിരുത്തല്‍.

“എങ്കെ അയ്യരെ കാണോം?” ജിജ്നാസയോടെ ഒരു മെമ്പര്‍ അയ്യരെ അന്വേഷിച്ചു.

കാരസാരമായ ചര്‍ച്ച നടക്കണമെങ്കില്‍ അയ്യര്‍ വേണം. കണ്ണു പരിശോധനക്കായി ആശുപത്രിയില്‍ പോയിട്ടുണ്ട്‌, അയ്യര്‍. വരാന്‍ ഇത്തിരി താമസിക്കുമെന്ന് പറഞ്ഞിട്ടാണു്‌ പോയത്‌.

പിച്ചു, തന്റെ വായിലുള്ള മുറുക്കാന്‍ മുല്ലപെരിയാറുപോലെ നിയന്ത്രണം വിട്ടു വെളിയില്‍ ചാടുന്നത്‌ തടഞ്ഞുകൊണ്ട്‌ ചോദിച്ചൂഃ

“സുബ്ബൂ ഉനക്ക്‌ തെരിയുമാടാ, ദാനങ്ങളെപ്പറ്റി. ശൊല്ല് പാക്കലാം.”
“അന്നദാനം… രക്തദാനം… അപ്പുറം…”
സുബ്ബ്ബു വലിച്ചു നീട്ടുന്നത്‌ കേട്ട്‌ പെര്‌സ്സ്‌ പറഞ്ഞു

“ഇന്ത സുബ്ബു പയല്‌ക്ക്‌ തെരിയാത്‌ പോല്‌ര്‌ക്ക്‌, ഡേയ്‌ കോത്താണ്ടാ, നീ ശൊല്ലെടാ.”

“ഒണ്ണ്‍ നിത്യദാനം”

“അടുത്തതു്‌”

“നൈമിത്തിക ദാനമ്‌ങ്കെ”

“നെക്‌സ്റ്റ്‌ വണ്‍, സുബ്ബൂ ഇപ്പോ തെരിയിതാ ഉനക്ക്‌, മൂന്നാമത്തെത്‌  ചൊല്ല്.”

“മൂന്നാമത്തെത്‌ കാമ്യദാനം അയ്യാ.”

“നാലാമത്തേത്‌”

വിമലാ ദാനം
അല്‍പം ഉറക്കെത്തന്നെ പിച്ചു പറഞ്ഞു.

“അപ്പടി ചൊല്ല് ‌! ഇപ്പോ നാല്‌ ശരിയാ പോച്ചാ…”

നാലാമത്തേത്‌ പറഞ്ഞപ്പോഴേക്കും അതു വഴി പോയിരുന്ന പൂക്കാരി യുവതിക്കു കലി തുള്ളി!  അവള്‍ അലറി, “യോ… കിഴവന്മാരെ ഇനി എന്റെ പേരു്‌ ചൊല്ലി കൂപ്പിട്ടേന്‍ ഇങ്കെ നടക്കിറതേ വേറെ! ജാഗ്രതൈ. എതോ വയസ്സാച്ചേന്ന് പാക്ക്‌റേ.”

സഭാവാസികള്‍ ഞെട്ടി വിറച്ചു്‌ തിരിഞ്ഞു നോക്കി! ഒരു പൂക്കൂട്ടയും പള്ളയില്‍ അമര്‍ത്തിപ്പിടിച്ച്  അവളതാ ആടിക്കുലഞ്ഞ് പോകുന്നു!

“കലിയുഗം ഇങ്ങനെയാണു്‌! ധര്‍മ്മത്തെപറ്റി സംസാരിച്ചാല്‍ തെറി കേള്‍ക്കേണ്ടി വരുക! അധര്‍മ്മത്തെക്കുറിച്ചാണെങ്കില്‍ പ്രശംസയും!”
ഒന്നും സംഭവിക്കാത്ത മട്ടില്‍ ദാനത്തെപറ്റിയുള്ള ചര്‍ച്ച അവര്‍ തുടര്‍ന്നു.

“ഫലാപേക്ഷയില്ലാത്തെ ചെയുന്നതാണു്‌ നിത്യദാനം.

പാപം ചെയ്തതിനു ശേഷം അതിനു് ഒരു പ്രതിവിധിയായി ചെയ്യുന്ന ദാനത്തിനാണു്‌ നൈമിത്തിക ദാനമെന്നു പറയുന്നത്‌.

മൂന്നാമത്തേതാകട്ടെ, കാമ്യദാനം, പ്രതിഫലേച്ഛയോടു കൂടി ചെയ്യുന്നതാണു.

നാലാമത്തേതോ, ഈശ്വരനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ചെയ്യുന്നതാണു്‌.

(പൂക്കാരി അവിടെങ്ങാനുമുണ്ടോ എന്നു നോക്കീട്ടു വേണം പേരു പറയാന്‍! ആരോ മന്ത്രിച്ചു.)

അപ്പോഴേക്കും ധൃതി പിടിച്ചു ഓടി അവിടെ എത്തിയ അയ്യരോട്‌ഃ

“ദാനത്തെ പറ്റിയായിരുന്നൂ നമ്മളുടെ ചര്‍ച്ച. നിങ്ങള്‍ ഏന്തു ദാനമാ ചെയ്യാന്‍ പോകുന്നത്‌ അയ്യരേ?”

“ഞാനോ, നിത്യദാനം തന്നെ. അതിലെന്താ ഒരു സംശയം?”

“ഞങ്ങളെങ്ങിനെ അതു വിശ്വസിക്കും?”

“ഞാന്‍ ദാനം ചെയ്യാന്‍ പോകുന്നത്‌ എന്റെ ഈ രണ്ടു കണ്‍കളാണു്‌. ഇപ്പോ ബോദ്ധ്യമായോ?”

“ങേ… കണ്‍കളോ…!”

അതെ, കണ്‍കള്‍ തന്നെ…!”

Advertisements