Archive for July, 2009

പാലം കടക്കുവോളം…അല്‌പം പുരാണം.

July 5, 2009

by: പി കെ രാഘവന്‍‌

പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുലശേഖരന്റെ സാമ്രാജ്യ തകര്‍ച്ചക്ക് പിറക് ഉണ്ടായ നാടാണു കോലത്തു നാട്‌. ഏഴുമലയായിരുന്നു ആദ്യത്തെ ആസ്ഥാനം. മൂഷിക (മൂഷക) രാജവംശം എന്നറിയപ്പെട്ടിരുന്ന ഈ രജ്യത്തിലെ മുപ്പത്തിരണ്ടാമത്തെ രജാവായ വല്ലഭന്‍ അഥവാ വളഭന്‍-രണ്ടാമന്‍ സ്ഥാപിച്ചതാണ് വല്ലഭപട്ടണം.  ഇപ്പോള്‍ വളപട്ടണം എന്നു നാട്ടുകര്‍ വിളിക്കുന്നു. പണ്ട്‌ Baliapattam എന്നു വെള്ളക്കാരനും അഭ്യസ്തവിദ്യരും വിളിച്ചിരുന്നു. അങ്ങിനെ ഇവിടത്തെ നദിക്കും വളപട്ടണം പുഴ എന്ന പേരുണ്ടായി.

മരത്തടി വ്യവസായ കേന്ദ്രമാണു ഈ പ്രദേശം. മറു കരയിലുള്ള സ്ഥലമാണു പാപ്പിനിശ്ശേരി. ഇത്‌ രണ്ടും ബന്ധിക്കുന്നത്‌ വളരെ നീളമുള്ള ഒരു റെയില്‍വേപ്പാലമാണ്. വെള്ളക്കാരന്റെ സംഭാവനായാണു ഈ പാലം.

തീവണ്ടിക്ക്‌ മാത്രമല്ല മറ്റു നാലുചക്ര വാഹനങ്ങള്‍ക്കും പോകാവുന്ന രീതിയിലാണ്  ഇത് ഉരുവാക്കിയിട്ടുള്ളത്‌. വണ്ടി വരുന്നതിന് മണിക്കൂറുകള്‍ക്ക്   മുന്‍പേ ഗെയിറ്റടച്ചു ഗെയിറ്റ്‌-കീപ്പര്‍ അപ്രത്യക്ഷനാകും. മലമ്പാമ്പു പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡില്‍ പാലത്തിന്റെ അക്കരക്കും ഇക്കരക്കുമായി വാഹനങ്ങളുടെ നീണ്ട ക്യൂവായിരിക്കും. പാശ്ചാത്യരെ നമ്മള്‍ നാടു കടത്തിയ ശേഷം ഈ പാലം വേണ്ട വിധത്തില്‍ കാത്തു സൂക്ഷ്ക്കുന്ന കാര്യത്തില്‍ നമ്മള്‍ തീരേ ശുഷ്കാന്തി കാണിച്ചിരുന്നില്ല. ഇന്നും ഇക്കാര്യത്തില്‍  വലിയ മറ്റമൊന്നും ഇല്ലെന്ന്  എറ്റവും താഴെ ഉദ്ധരിച്ചിട്ടുള്ള മാതൃഭൂമി വാര്‍ത്താ  ശകലം വെളിപ്പെടുത്തുന്നു.

നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഒരു സംഭവം ഇപ്പോഴും മനസ്സില്‍ നിറഞു കിടക്കുന്നു. പാലത്തിന്മേല്‍ തണ്ടവാളത്തിനു സമാന്തരമായി ഇരുവശങ്ങളിലും കാല്‍നടക്കാര്‍ക്കു വേണ്ടി ഒറ്റയടിപ്പാതയുണ്ട്‌. ഗ്രില്ലുകൊണ്ടു ആളുയരത്തില്‍ വേലിയുള്ള ഈ പാതയില്‍ ഒരാള്‍ക്കുമത്രം കഷ്ഠിച്ചു നടക്കാം. Sir John Ambrose Fleming ന്റെ Left Hand thump Rule ഉപയോഗിച്ചു വേണം പാലത്തിലോട്ട്‌ കയറി ചെല്ലാന്‍. ഒരു ഫര്‍ലോങ്ങോളം നീളം വരുന്ന ഈ പാതയില്‍ ആരെങ്കിലും തമ്പ്‌ നിയമം പാലിച്ചില്ലങ്കില്‍ തലയിടി ആപത്തായിരിക്കും ഫലം. നടന്നു പോകാനായി പാവിയിട്ടുണ്ടായിരുന്ന കനത്ത മരപ്പലകകള്‍ ദ്രവിച്ചു കാല്‍നടയായ്‌ പോകുന്ന ആളുകള്‍ക്ക്‌ വലിയ വിപത്ത്‌ ഉണ്ടാക്കിക്കൊണ്ടിരുന്നു. നാലു ദശാബ്ദങ്ങള്‍ക്കു മുന്‍പുള്ള ആ കാലഘട്ടത്തില്‍ എന്റെ നിത്യ സഞ്ചാരം ഈ പാലത്തിലൂടേ ആയിരുന്നു.

അങ്ങിനെ ഒരു ദിവസം ഞാന്‍ പതിവു പൊലെ പാലത്തിന്റെ നടുവിലെത്തി. ഒരു കാല്‍ മുന്നിലുള്ള അടുത്ത പലകയില്‍ വെച്ചപ്പോള്‍ കാലു പൊള്ളി. പെട്ടന്നു കാല്‍ പിന്‍വലിച്ചു. എങ്കിലും തലയില്‍ കൂട്ടയുമായ്‌ പിന്നാലേ വന്ന ഒരു യുവതി എന്റെ സഢന്‍ ബ്രെയിക്കില്‍ സമനില തെറ്റി തലയിലുള്ള കൂട്ടയും അതിലുണ്ടായിരുന്ന വെണ്ണീരും (ചാമ്പല്‍) കൊണ്ട്‌ എനിക്കഭിഷേകം നടത്തി.  മുന്നില്‍ തീയില്‍ കരിഞ്ഞു കൊണ്ടിരിക്കുന്ന പലക.പിന്നില്‍ വെപ്രാളത്തില്‍ പുലമ്പുന്ന യുവതി. നടുവില്‍ ചാമ്പലില്‍ കുതിര്‍ന്ന പുതിയ രൂപം പ്രാപിച്ച പാവം ഞാന്‍. വണ്ടിയുടെ ചൂളം വിളി കേള്‍ക്കുന്നൂ. എന്റെ പിന്നില്‍ വന്നു കൊണ്ടിരുന്ന ആള്‍കാരുടെ എണ്ണം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു ഹനുമാരുടെ വാലു പോലെ നീണ്ടു പോകുന്നൂ…

വണ്ടി പാലത്തിലൂടെ ക്കടന്നു കഴിഞ്ഞു. അവസാന ബോഗി പാലം കടന്നതേയുള്ളൂ വണ്ടി നിന്നു!

ഗാഡാണെന്നു തോന്നുന്നൂ , നമ്മളുടെ എതിര്‍ക്കരയിലെ ഗയിറ്റ്‌ കീപ്പറേയും ഒന്നു രണ്ടു നാട്ടുകാരേയും ഇങ്ങോട്ടു തീക്കെടുത്താനുള്ള ‘ഡബ്ബാ‘യുമായി ഓടിപ്പിച്ചത്‌.

മാതൃഭൂമി 29062007

പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന്റെ നടപ്പാതയിലെ സ്ലാബുകള്‍ ഇളക്കിമാറ്റിയത്‌ കാല്‍നടയാത്രക്കാര്‍ക്ക്‌ ദുരിതമാകുന്നു. ടെലിഫോണ്‍ കേബിളുകള്‍ ഇടുന്നതിനാണ്‌ സ്ലാബുകള്‍ ഇളക്കി മാറ്റിയത്‌. പ്രവൃത്തി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ലാബുകള്‍ തല്‍സ്ഥാനത്ത്‌ സ്ഥാപിക്കാതിരുന്നതാണ്‌ പ്രശ്നത്തിന്‌ കാരണം. സ്ലാബുകള്‍ക്കിടയിലെ വിടവുകളില്‍ കുടുങ്ങി ഇതിനകം നിരവധി പേര്‍ക്കാണ്‌ പരിക്കേറ്റത്‌. രാത്രിയില്‍ പാലത്തിന്‌ മുകളില്‍ വെളിച്ചമില്ലാത്തതും പ്രശ്നം രൂക്ഷമാക്കിയിട്ടുണ്ട്‌.

പാപ്പിനിശ്ശേരി-വളപട്ടണം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നടപ്പാതയുടെ ആവശ്യം ശക്തമാകുന്നു:

A mathrubhumi report on 05.07.2009

പാപ്പിനിശ്ശേരി: നൂറുകണക്കിന്‌ തൊഴിലാളികളും യാത്രക്കാരും കടന്നുപോകുന്ന പാപ്പിനിശ്ശേരി-വളപട്ടണം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ട്‌ കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാത നിര്‍ിക്കണമെന്നാവശ്യപ്പെട്ട്‌ നിരവധി സംഘങ്ങള്‍ ഇതിനകം റെയില്‍വേ അധികൃതര്‍ക്ക്‌ നിവേദനംനല്‌കി.

വളപട്ടണം റെയില്‍വേ പാലത്തിന്റെ ഇരുഭാഗവും തിരക്കേറിയ വ്യാവസായിക കേന്ദ്രമാണ്‌. ഇരുഭാഗത്തേക്കും പോകുന്ന യാത്രക്കാര്‍ക്കായി പാലത്തിന്റെ ഒരുഭാഗത്ത്‌ മാത്രമാണ്‌ നടപ്പാതയുള്ളത്‌. എന്നാല്‍ പാലം കഴിഞ്ഞാല്‍ ഇരു സ്റ്റേഷനുകളിലേക്കും എത്തുന്നതിന്‌ റോഡ്‌സൗകര്യമോ മറ്റു വഴികളോ ഇല്ലാത്തത്‌ യാത്ര ദുഷ്‌കരമാക്കുന്നു. പലപ്പോഴും റെയില്‍വേ ട്രാക്കിലൂടെയാണ്‌ യാത്രക്കാര്‍ ഇരു സ്റ്റേഷനുകളിലേക്കും യാത്രചെയ്യുന്നത്‌.

പാപ്പിനിശ്ശേരിയില്‍ നിലവില്‍ പാസഞ്ചര്‍ വണ്ടികള്‍ മാത്രം നിര്‍ത്തുന്നതിനാല്‍ നിരവധി യാത്രക്കാര്‍ വളപട്ടണം സ്റ്റേഷനെയാണ്‌ ആശ്രയിക്കുന്നത്‌. വളപട്ടണത്ത്‌ മലബാര്‍ എക്‌സ്‌പ്രസ്സിന്‌ സ്റ്റോപ്പുണ്ട്‌. പതിറ്റാണ്ടുകളായുള്ള യാത്രക്ലേശമനുഭവിക്കുന്ന നാട്ടുകാര്‍ക്ക്‌ രാത്രികാലത്ത്‌ വളപട്ടണം സ്റ്റേഷനില്‍ ഇറങ്ങി പാപ്പിനിശ്ശേരി ഭാഗത്തേക്കുള്ള യാത്ര ദുഷ്‌കരമാണ്‌. നടപ്പാത നിര്‍മിച്ചാല്‍ പ്രശ്‌നത്തിന്‌ ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ യാത്രക്കാര്‍.

ഇരു സ്റ്റേഷനുകള്‍ക്കും ഇടയില്‍ നടപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട്‌ പാപ്പിനിശ്ശേരി പഞ്ചായത്തധികൃതര്‍ എം.പ്രകാശന്‍ എം.എല്‍.എ. മുഖേന റെയില്‍വേ അധികൃതര്‍ക്ക്‌ നിവേദനം നല്‌കിയിട്ടുണ്ട്‌. പ്രശ്‌നം അനുഭാവപൂര്‍വം പരിഗണിക്കുമെന്നുള്ള പ്രതീക്ഷയിലാണ്‌ പഞ്ചായത്ത്‌. നിരവധി രാഷ്ട്രീയ, സാമൂഹിക, വാണിജ്യ സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച്‌ റെയില്‍വേയ്‌ക്ക്‌ നിവേദനം നല്‌കിയിട്ടുണ്ട്‌.

Advertisements