Archive for November, 2009

എന്റെ ചെരിപ്പ്

November 8, 2009

പണ്ടൊക്കെ നാട്ടില്‍ വീട്ടുമുറ്റത്തെ പന്തലിലാണല്ലോ കല്യാണം. അപ്പോഴൊന്നും ഇത്ര വെപ്രാളം ഉണ്ടാകാറില്ല. ഇപ്പോള്‍ നാട്ടിലും വിവാഹം സത്രത്തിലായി. ചെന്നയിലെ കാര്യം പറയുകയേ വേണ്ടാ. നടക്കുമ്പോൾ  എവിടേയെങ്കിലും കാല്‍ തടഞ്ഞാല്‍ വീഴുന്നത്‌ എതെങ്കിലും സത്രത്തിന്റെ തിണ്ണയിലായിരിക്കും. സിനിമാ കോമ്പ്ളക്സ്‌ പോലെ തലങ്ങും വിലങ്ങുമായി അടുക്കടുക്കായി നാലും അഞ്ചും കല്യാണ സത്രങ്ങളാണിപ്പോള്‍. നേരം വെളുക്കാന്‍ തുടങ്ങിയതേയുള്ളൂ. തുടങ്ങി… വീട്ടിനുള്ളില്‍ ഓട്ടവും ചാട്ടവും പ്രദക്ഷിണവും. റീനക്ക്‌ കല്യാണത്തിന്‌ പോകണം.

ഉടുക്കേണ്ട സാരി ഒരിടത്ത്‌ ബോഡര്‍ ഫിറ്റ്‌ ചെയ്യാന്‍ കൊടുത്തത്‌ ഇനിയും എത്തിയിട്ടില്ല. മേച്ചിംഗ്‌  ബ്ളൌസ്‌ വാഷ്‌  ചെയ്തപ്പോള്‍ കളറ്‌ മാറി കൂടുതൽ വഷളായി. ലിപ്‌സ്റ്റിക്ക്‌ ബോക്സ്‌ വെച്ച സ്ഥലത്ത്‌ കാണുന്നില്ല. തലയില്‍ ചൂടേണ്ട മല്ലിപ്പൂ വാങ്ങാനയച്ച കുട്ടി ലില്ലിപ്പൂവും കൊണ്ടാണ് വന്നത്‌! അതാണത്രേ  ലെയ്റ്റസ്റ്റ് !  ആഭരണപ്പെട്ടി തുറന്നു. അസ്ലിയും നക്ലിയും  തിരിച്ചറിയാന്‍  കഴിയുന്നില്ല. പറഞ്ഞു വെച്ച  ഓട്ടോമേന്‍ പെട്ടൊന്നൊന്നും വരുമെന്ന് തോന്നുന്നില്ല. റിട്ടേൺ  ചെയ്യുന്ന വാഹനത്തിൽ കയറി പാതി വഴി വന്നപ്പോ നിന്നും പോയി. അങ്ങനയങ്ങനെ കടമ്പകള്‍ പലതും കടന്ന്‌ എങ്ങനെയെല്ലാമോ കഷ്ഠിച്ച്‌ വിവാഹം നടക്കുന്ന സത്രത്തിലെത്തിച്ചേര്‍ന്നു.

മുന്‍നിരയിലെ കസേരയില്‍ത്തന്നെ ചാടി വീണു സ്ഥലം പിടിച്ചു. ആവൂ റീനക്ക്‌  ശ്വാസം  തിരിച്ച്‌  കിട്ടി. ഇവിടിരുന്നാല്‍  സുഖമായി വധുവിന്റെ ക്ളോസപ്പ്‌ കിട്ടും. കണ്ടില്ലെ  എന്തു മാത്രം സ്വർണ്ണ ആഭരണങ്ങളാണ് അവളുടെ കഴുത്തിൽ!  എന്തോ ഒരു കുറവു പോലെ. ആർക്ക്‌? എനിക്ക് തന്നെ. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ അതു തോന്നുന്നുണ്ട്‌. ഹെയർ-സ്റ്റൈലൊന്നു തപ്പി. എല്ലാം പൊസിഷനിലുണ്ട്. കാതും കഴുത്തും ഒന്നും മിസ്സിങ്ങില്ല. റിസ്റ്റ്വാച്ച്, മോതിരങ്ങളുടെ  എണ്ണം  എല്ലം എല്ലാം   പരിശോധന  നടത്തി. ഒന്ന്‌  റിലാക്സ്‌ ചെയ്യാമെന്നു  കരുതി  കാല്‌  നീട്ടി. ദൈവമേ! കാലില്‍  കിടക്കുന്നത്‌ പഴയ ഹവായ് സ്ലിപ്പര്‍! വിവാഹത്തിനു മാത്രമായി ഒരാഴ്ച മുന്‍പു വാങ്ങിവെച്ച 1700രൂപ  വിലയുള്ള ചെരിപ്പ്‌ വാര്‍ഡ്രോബില്‍ കിടക്കുന്നു. മഞ്ഞ്‌ കട്ടി പോലെ കസേരയില്‍ത്തന്നെ ഉരുകിപ്പോകുമെന്ന്‌ തോന്നി. സാരി പിടിച്ചല്‍പം ഇറക്കം കൂട്ടി കാല്‍ മറച്ചു.

വീണ്ടുമൊരു  സംശയം..! കണ്ട്‌  പരിചയമുള്ള ഒറ്റ  മുഖം  പോലും കാണുന്നില്ലല്ലോ. മെല്ലെ വെളിയിലോട്ട്‌  പോയി. തമിഴ്നാട്ടുകാര്‍  എത്ര നല്ല മനുഷ്യര്‍! ഇന്നും  പലരും ചെരിപ്പൊക്കെ  അഴിച്ചു വെച്ചാ കല്യാണസത്രത്തിനുള്ളില്‍  കയറുന്നത്‌. വെല്‍കം ബോര്‍ഡിലെ വധൂവരന്‍മാരുടെ പേര്‌ നോക്കി. എന്തൊര്‌ മണ്ടത്തരം! രാജേഷിനേം രാഗേഷിനേം  തിരിച്ചറിയാതെ  പോയി. ആ സമയത്താണ്‌  അയല്‍ക്കാരി വേണി  പണ്ടത്തെ ‘കോളിനോസ് ’  പുഞ്ചിരിയുമായി  മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്‌.

“എന്താ  വേണീ  തേടുന്നത്‌ ? “
“എന്റെ ചെരിപ്പ്‌ …! ഹാളിലോട്ട്‌ പോകുമ്പോ ഇവിടെ അഴിച്ചിട്ടോണ്ടു പോയതാ. പുതിയ  ചെരുപ്പാ. വിലകൂടിയതല്ലെ  എടുത്ത്‌  ഭദ്രമായി വെക്കാമെന്ന്‌  വിചാരിച്ച്‌   ഇറങ്ങി  വന്നതാ. കാണുന്നില്ലല്ലോ… !”
“ങേ…! കാണുന്നില്ലേ , ഓ… അവിടങ്ങാനുണ്ടാവൂം.. “
റീനയുടെ നടത്തിന്റെ വേഗത കണ്ടില്ലേ!

Technorati Tags:
Advertisements

ഒരു പൊതുയോഗം

November 7, 2009

കോളാമ്പി  സ്പീക്കറിൽനിന്നും  അടിപൊളി  സിനിമാപ്പാട്ടുകൾ. പരീക്ഷ നടക്കുന്ന  ഹൈസ്കൂളിന്റെ  മുക്കിലും മൂലയിലും  ശബ്ദ  താണ്ടവം. കരിമരുന്ന്  പ്രയോഗങ്ങളെ പോലും  തോല്പിക്കുന്ന ശബ്ദ വിസ്പോടനം. ക്ലാസ്  മുറിയിൽ  കഠിന  കഠോരമായ കണക്ക്‌  ചോദ്യങ്ങൾ. അച്ചടി പിശകുമൂലം പലതും ഡാവിഞ്ചി കോഡ്‌ പോലെയുണ്ട്‌. സിലബസ്സിനും  പഠിപ്പിച്ചതിനും  അജഗജം വ്യത്യാസമുണ്ട്‌. ചോദ്യങ്ങളാണെങ്കിൽ മൈലുകൾക്കപ്പുറത്തുനിന്നും. അടിസ്താനപരമായ ഈ തെറ്റുകൾ കുട്ടികളെ വിഭ്രാന്തരാക്കുമ്പോഴാണ്‌ , മോങ്ങാനിരുന്ന  നായയുടെ തലയിൽ വീണ തേങ്ങ പോലെ വെളിയിൽ നിന്നും “ശചഷഭദദഷയഴൻഷഷദ ഷദദശ്രദസ്രൻടഫ ർമദവദസ്രയവ… ” ഉദ്ഘാടന പ്രസംഗം.

 
തുടർന്ന്  സാംസ്കാരീക  നായകന്റെ  വക   ” …അടിസ്ഥാനരഹിത കഥാകഥനത്തിന്റെ നികൃഷ്ട ലക്ഷ്യം…” ഒന്നു നിർത്തി  “മരണാനന്തര കണക്ക്‌  തീർക്കൽ തന്നെ! ചരിത്ര പുരുഷന്മരായ ഈ ഗുരുക്കന്മാരെ അപകീർതിപ്പെടുത്തുകയും കുരിശിലേറ്റുകയും ചെയ്യുന്നത്‌ പ്രതിലോമ ശക്തികളുടെ  സ്ഥിരം  അജണ്ടയിലുള്ളതാണ്‌…” വിഷയ കാഠിന്യം പ്രാസംഗികനെക്കുറിച്ചുള്ള  നാട്ടുകാരുടെ  റെയ്‌റ്റിങ്ങ്  കൂട്ടുക തന്നെ ചെയ്തു.

അടുത്തത്‌  രാഷ്ട്രീയക്കാരന്റെ  ഊഴമാണ്‌. ഭരണകക്ഷിയായിരിക്കണം. അല്ലെങ്കിൽ‌  ഇത്രയധികം  പോലീസുകാർ ചുറ്റിപറ്റി  നിൽകില്ലല്ലോ!  “… ഞങ്ങളുടെ  കണക്ക്‌ ഒരിക്കലും  തെറ്റാറില്ല. ഞങ്ങളുടെ ബജറ്റിനെക്കുറിച്ചറിയാൻ വലിയ ഗണിത ശാസ്ത്ര ജ്നാനമൊന്നും ആവശ്യമില്ല. ഈ ബജറ്റ്‌ വരാൻ പോകുന്ന വരൾച്ചക്ക്‌ വളരെ ഉപകരിക്കും എന്നതിൽ  എനിക്ക്‌  അല്പം  പോലും  സംശയമില്ല. പാവപ്പെട്ടവന്റെ കുടിവെള്ളം  ഉറപ്പുവരുത്തുക  മാത്രമല്ല, ഇപ്പോഴുള്ളതിന്റെ   നാലിരട്ടി എണ്ണത്തിലും വെള്ളത്തിലും… അതായത്‌ അളവിലും  കൂട്ടാൻ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്‌.” സദസ്സിലാരോ അപശകുനം പോലെ വിളിച്ചു കൂവി. “ശരിയാ, വെള്ളം  കുടിക്കാൻ  കിട്ടിയില്ലെങ്കിലും സാരമില്ല. വെള്ളം അടിക്കുന്നതിനുള്ള സൗകര്യമുണ്ടായാൽ മതി.”

പ്രാസംഗികൻ ചുവട്‌ മാറ്റി. “പണ്ട്‌ സമര പാരമ്പര്യമുള്ളവരും ത്യാഗികളുമായിരുന്നു നേതൃത്വത്തിലേക്ക്‌ വന്നിരുന്നത്‌. ഇന്നാകട്ടെ കാമ്പസ്‌ സെലക്ഷനിലൂടെ കക്ഷിയിലേക്ക്‌ വന്നവരാണധികവും. ഇത്തരക്കാരാണ്‌ ഇന്ന്‌ പാർട്ടിയെ നയിക്കുന്നത്‌. അതുകൊണ്ടു തന്നെ എന്റെ കക്ഷിക്ക് എല്ലാ പ്രശ്നങ്ങളും പ്രോഫഷനലായി കൈകാര്യം ചെറിയാനറിയാം. ജനങ്ങളെ വഞ്ചിക്കുന്ന പാരമ്പര്യം നമുക്കില്ല…”

സദസിൽനിന്നൊരുവൻ: ” ഈ  ഗവർമന്റ്‌  കരിഞ്ഞുപോയ ബൾബ്‌ പോലെയാ. മാറ്റാനുള്ള  സമയമായി.” തന്റെ  വാചകക്കസർത്ത്‌ ചിലവാകുന്നില്ലെന്നു  കണ്ട  നേതാവ് പു തിയ  പ്രശ്നങ്ങളും   തേടിയായിരിക്കണം    ഉടനെ സ്ഥലം വിട്ടത്‌.

മലയാളം വിദ്വാനാണ്‌ ആ വേക്കൻസി  നികത്തിയത്‌. “സീരിയൽ കണ്ട്‌ കരഞ്ഞ്‌  കരഞ്ഞ്‌  എന്റെ കണ്ണീർ വറ്റി. ഗാനാമൃതം ആസ്വദിക്കാമെന്നു വെച്ചാൽ അതവതരിപ്പിക്കുന്ന സുന്ദരിപ്പെണ്ണിന്റെ ഭാഷ…! ആരു കഴുത്തിനു പിടിച്ചിട്ടാണെന്നറിയില്ല, ടിവിയിൽ  ശുദ്ധമായ മലയാളത്തിൽ പാട്ടെന്നോ ഗാനമെന്നോ പറയാതെ ‘സോങ്ങ്‌’, ‘സോങ്ങെന്ന്‌’ ഏതുനേരവും ചുണ്ടുപിളർത്തുന്നത്‌. നല്ല വാക്ക്‌ മലയാളത്തിലുള്ളത്‌ തല്ലിക്കൊഴിച്ചിട്ട്‌ പകരം വികൃതമായി ഇംഗ്ലീഷ്‌  പറഞ്ഞ്‌ മേനി ഭാവിക്കുക. എന്തൊര്‌ അവഹേളനം! സ്വന്തം പീലി തല്ലിക്കൊഴിച്ച്‌ കൊറ്റിത്തൂവൽ ചൂടിയ ഈ പുതുമയൂരങ്ങളാണ്‌ മൊഴികേട്‌ പരത്തുന്ന രസകീടങ്ങൾ!…”

 
ശ്രോതാക്കൾ അക്ഷമരാകുന്നുവെന്ന് മനസ്സിലാക്കിയതു കൊണ്ടാവണം പുതിയ അനൌൺസ്മെന്റ്.  “കലാപരിപാടിയില്ലാത്ത  മീറ്റിങ്ങോ?”  റെക്കാഡ്‌ ഡാൻസ്‌ അരങ്ങ്‌ തകർക്കാൻ തുടങ്ങി‌യപ്പോഴേക്കും, പരീക്ഷ എഴുതുന്ന കുട്ടികൾ പരീക്ഷക്കടലാസിൽ കണ്ടതും കേട്ടതും കാണാൻ പോകുന്നതുമൊക്കെ കുത്തിക്കുറിച്ച്‌ ഒരു വിധത്തിൽ ശ്രീലങ്കൻ ഈളം പുലികളെപ്പോലെ ക്ലാസിൽനിന്നും രക്ഷപ്പെട്ടു. അപ്പോഴത്തെ ഡാൻസ്‌… ഉർവശീ  ഊർവശീ  ടെയ്കിറ്റീസി  പോളിസീ… തീരാറാവുമ്പോഴേക്കും രക്ഷിതാക്കന്മാർ  വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘാടകർ‌  സ്ഥലം  വിട്ടിരുന്നു. ഭാഗ്യം, ഇല്ലെങ്കിൽ  അടുത്ത ദിവസം ഹർത്താലാകുമായിരുന്നേനേ.